
Abhishek Aher
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗണിതശാസ്ത്ര വകുപ്പ് ഗവേഷക വിദ്യാർത്ഥിയായ അഭിഷേക് അഹേർ, 2026-ലെ അന്താരാഷ്ട്ര ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ് സമ്മേളനമായ ADMA-ICDM 2026-ൽ പ്രൊഫ. ശ്രീഖണ്ഡെ മെമ്മോറിയൽ മികച്ച പ്രബന്ധ പുരസ്കാരം നേടി. അക്കാഡമി ഓഫ് ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ് ആൻഡ് ഇറ്റ്സ് അപ്ലികേഷൻസിന്റെ (Academy of Discrete Mathematics and its Applications) 22-ാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലായിരുന്നു നടന്നത്.
മുംബൈയിലെ നാശിക്ക് സ്വദേശിയായ അഭിഷേക് അഹേർ, കുസാറ്റ് ഗണിതശാസ്ത്ര വകുപ്പിലെ ഡോ. അപർണ ലക്ഷ്മണൻ എസ്സിന്റെ മാർഗനിർദേശത്തിൽ ഡോക്ടറൽ ഗവേഷണം നടത്തിവരികയാണ്. കോമ്പിനേറ്റോറിക്സിന്റെയും ഡിസ്ക്രീറ്റ് മാത്തമാറ്റിക്സിന്റെയും പ്രധാന ശാഖയായ ഗ്രാഫ് റാംസി തിയറിയാണ് അഭിഷേകിന്റെ ഗവേഷണ മേഖല.
റാംസി തിയറിയിലെ ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന ഒരു പ്രശ്നത്തിന് പരിഹാരം നിർദേശിക്കുന്നതാണ് പുരസ്കാരത്തിന് അർഹമായ ഗവേഷണ പ്രബന്ധം. ബൗണ്ടഡ് ക്ലിക് നമ്പറുഉള്ള റാംസി സീക്വൻസുകളുടെ അസ്തിത്വം സ്ഥാപിക്കുന്നതാണ് ഈ പഠനത്തിന്റെ പ്രധാന നേട്ടം.
Photo Courtesy - Google







